കോഴിക്കോട്:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി പന്തീരാങ്കാവ് പൊലീസ്. സി സി ടിവി ദൃശ്യങ്ങളുടേയും സൈബര്‍ സെല്ലിന്റേയും സഹായത്തോടെയാണ് പ്രതിയേയും പെണ്‍കുട്ടിയേയും പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാള്‍ ആശയവിനിമയം നടത്തിയതും ഇൻസ്റ്റഗ്രാമിലൂടെ മാത്രമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്.
തൊട്ടുപിന്നാലെ നഗരത്തിലെ മുഴുവന്‍ സി സി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് റയില്‍വേ സ്റ്റേഷനിലെ നാല്‍പതോളം സി.സി ടിവി ക്യാമറകള്‍ പരതിയത്. ഇതിലൊന്നില്‍ പെണ്‍കുട്ടി ഒരാള്‍ക്കൊപ്പം നടന്നുപോകുന്നതിന്റേയും കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നതിന്റേയും ദൃശ്യം കിട്ടി. ടിക്കറ്റെടുത്ത സമയം വച്ച് കൗണ്ടറില്‍ പരിശോധിച്ചപ്പോള്‍ ഇരുവരും പോയത് കൊല്ലത്തേക്കുള്ള ട്രെയിനില്‍. പന്തീരാങ്കാവ് പൊലീസ് വിവരം അറിയിച്ചതിന്റ അടിസ്ഥാനത്തില്‍ റയില്‍വേ പൊലീസ് കൊല്ലത്ത് ട്രെയിന്‍ പരിശോധിച്ചെങ്കിലും ഇവര്‍ ബുക്ക് ചെയ്ത സീറ്റില്‍ കോഴിക്കോട് നിന്ന് ആരും കയറിയിട്ടില്ലെന്ന് കണ്ടെത്തി.
ഇതോടെ അന്വേഷണം വഴിമുട്ടിയെങ്കിലും എന്നാല്‍ തോറ്റ് പിന്‍മാറാതിരുന്ന പൊലീസ് ടിക്കറ്റ് കൗണ്ടറില്‍ കൊടുത്ത വിവരങ്ങള്‍ ശേഖരിച്ചു. ഫോണ്‍ നമ്പരില്ല, അജാസെന്ന് പേര് മാത്രം. ഇതേ പേരുളളവരെ ഫെയ്സ് ബുക്കില്‍ അന്വേഷിച്ചു. അതിലെ ഫോണ്‍നമ്പര്‍ സൈബര്‍ സെല്ലിന്റ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഒരെണ്ണത്തിന്റ ലൊക്കേഷന്‍ കൊട്ടാരക്കരയെന്ന് കണ്ടെത്തി. ഇതോടെ ചടയമംഗലം പൊലീസ് കൊട്ടാരക്കരയില്‍ നിന്ന് തിരിച്ചിട്ടുള്ള മൂന്ന് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ രാത്രി വഴിയില്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചു. ഇതിലൊന്നില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ അജാസിനെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്.
Post a Comment