Join Our Whats App Group

കുഞ്ഞിനെ മോഷ്ടിച്ച സംഭവം: നീതു ലക്ഷ്യമിട്ടത് വഞ്ചിച്ച കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍

 


കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ നീതു ലക്ഷ്യമിട്ടത് സുഹൃത്തായ ഇബ്രാഹിമിനെ ഭീണിപ്പെടുത്തുന്നതിനായി ആണെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിമിനെ കുഞ്ഞിനെ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.


ഇബ്രാഹിമിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ഇവര്‍ തമ്മില്‍ അടുപ്പം ഉണ്ടായിരുന്നത്. ഈ സമയത്ത് നീതു ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. തട്ടിയെടുത്ത് കുഞ്ഞ് ഇയാളുടേത് എന്ന് വരുത്തി തീര്‍ക്കാന്‍ ആയിരുന്നും ഉദ്ദേശം. ഇയാള്‍ വാങ്ങിയ 30 ലക്ഷം രൂപയും സ്വര്‍ണ്ണവും തിരികെ വാങ്ങിച്ച് എടുക്കാനാണ് ഇത്തരം ഒരു കൃത്യം ചെയ്തത്. ആശുപത്രിക്ക് സമീപമുള്ള ഹോട്ടലില്‍ തങ്ങി ആസൂത്രണം നടത്തിയാണ് നീതു കുഞ്ഞിനെ മോഷ്ടിച്ചത്. നീതുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തിന് പിന്നില്‍ റാക്കറ്റില്ലെന്ന് കോട്ടയം എസ്പി ഡി.ശില്‍പ പറഞ്ഞിരുന്നു. പ്രതി മുമ്പ് കുറ്റൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. നീതുവിന്റെ ഒപ്പം കണ്ടെത്തിയ ആണ്‍കുട്ടി ഇവരുടെ സ്വന്തം കുട്ടിയാണെന്നും പൊലീസ് പറഞ്ഞു. തിരുവല്ല കുറ്റൂര്‍ സ്വദേശിയായ സുധീഷിന്റെ ഭാര്യയാണ് നീതു. മകനൊപ്പം ഏറെ നാളായി എറണാകുളത്താണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് സുധീഷ് വിദേശത്ത് ജോലി ചെയ്യുകയാണ്.


ഇന്നലെ മൂന്നരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടുപോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.


വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് ഹോട്ടലില്‍ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിച്ചത്. ഉടനെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് നടത്തിയ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിയെ കണ്ടെത്തിയത്. എസ് ഐ റനീഷിന്റെ നേതൃത്വത്തിലാണ് കുഞ്ഞിനെ കണ്ടെത്തി മാതാവിന് കൈമാറിയത്.

Post a Comment

Previous Post Next Post
Join Our Whats App Group