Join Our Whats App Group

പാലത്തായി പീഡന കേസിൽ ക്രൈം ബ്രാഞ്ചിനെതിരെ കുറ്റപത്രവുമായി വെർച്ചൽ പെൺപ്രതിഷേധം

പാലത്തായിയിൽ ബി.ജെ.പി നേതാവ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ, ക്രൈംബ്രാഞ്ചിൻ്റെ അനാസ്ഥക്കെതിരെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖ വനിത നേതാക്കളെയും ആക്റ്റിവിസ്റ്റുകളെയും പങ്കെടുപ്പിച്ച് വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'വെർച്വൽ പെൺപ്രതിഷേധം' ശ്രദ്ധേയമായി.
പാലത്തായി പോക്സോ കേസിലെ മുഖ്യപ്രതി അറസ്റ്റുചെയ്യപ്പെട്ട് മൂന്നു മാസം പൂർത്തിയാകാറായിട്ടും കുറ്റപത്രം സമർപ്പിക്കപ്പെടാത്തത് പ്രതിയെ രക്ഷിച്ചെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മറ്റൊരാൾ കൂടി പീഡിപ്പിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ ഇതുവരെ കുട്ടിയുടെ മൊഴി എടുക്കുകയോ എഫ്.ഐ.ആര്‍ ഇടുകയോ അന്വേഷണം പുരോഗമിക്കുകയോ ചെയ്തിട്ടില്ല. 90 ദിവസമായാൽ കുറ്റപത്രം സമർപ്പിക്കാതിരിക്കെ പത്മരാജന് സ്വാഭാവിക ജാമ്യം കിട്ടാൻ സാധ്യതയുണ്ട്. കുറ്റകരമായ ഈ അനാസ്ഥക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വെർച്വൽ പെൺപ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.
പെൺകുട്ടിക്ക് നീതി ലഭിക്കുവോളം ജാഗ്രത തുടരേണ്ടതുണ്ട്. കൂട്ടുപ്രതികളായ സംഘ്പരിവാർ നേതാക്കൾക്കെതിരെ അന്വേഷണം നടത്താതിരിക്കുന്നതും കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതിരിക്കുന്നതും സർക്കാർ-സംഘ്പരിവാർ ഒത്തുകളിയുടെ സൂചനയാണ്. വനിതാ ശിശുക്ഷേമ വകുപ്പ് കൈയാളുന്ന മന്ത്രി ശൈലജ ടീച്ചർ തികച്ചും നിരുത്തരവാദിത്തപരമായ സമീപനമാണ് കൈകൊള്ളുന്നത്. പ്രതി രക്ഷപ്പെടുവാനുള്ള സാധ്യതകളെ ഇല്ലാതാക്കുവാൻ സർക്കാറിന് ബാധ്യതയുണ്ട്.
സർക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ കേരളം ശക്തമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് വെർച്ചൽ പെൺ പ്രതിഷേധത്തിൽ പങ്കെടുത്തവർ മുന്നറിയിപ്പ് നൽകി. ആലത്തൂർ എം. പി രമ്യ ഹരിദാസ് സർക്കാറിൻ്റെ അനാസ്ഥയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ആമുഖ ഭാഷണം നടത്തി. എം.എസ്.എഫ് ദേശീയ സെക്രട്ടറി ഫാത്തിമ തഹ്ലിയ, അഡ്വ. കെ. പി മറിയുമ്മ(വനിതാ ലീഗ്), ലതിക സുഭാഷ് (മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്), സോയ ജോസഫ്(മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി) ഇ. സി ആയിശ (ദേശീയ സെക്രട്ടറി, വെൽഫെയർ പാർട്ടി), ഗോമതി, അജിത(അന്വേഷി), എം.സുൽഫത്ത്, ബിന്ദു അമ്മിണി, റാനിയ സുലൈഖ(സ്റ്റുഡൻെറ് ആക്ടിവിസ്റ്റ്), ചന്ദ്രിക കൊയ്ലാണ്ടി(വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി) തുടങ്ങി സമൂഹത്തിൻെറ വിവിധ തുറകളിലുള്ള നാൽപതോളം പ്രമുഖ വനിതകൾ പ്രതിഷേധത്തിൽ പങ്കുകൊണ്ടു സംസാരിച്ചു.
കവിത, മോണോലോഗ് തുടങ്ങിയ പ്രതിഷേധ ആവിഷ്കാരങ്ങളും ഓൺലൈവ് പ്രതിഷേധത്തെ വ്യത്യസ്തമാക്കി. നീതി ലഭ്യമാക്കാൻ അധികാരികളുടെ ശ്രദ്ധ പതിക്കുന്നതിനായി മൂന്നു മണിക്കൂർ നീണ്ട വേറിട്ട ഓൺലൈവ് പ്രതിഷേധം വൈകിയ വേളയിലും കുറ്റപത്രം സമർപ്പിക്കപ്പെടാതിരിക്കുന്നതിനെതിരായ ജനകീയ കുറ്റപത്രമായി. മിനി വേണുഗോപാൽ (വിമൻ ജസ്റ്റിസ് ജന. സെക്രട്ടറി) സ്വാഗതവും സി. ഉഷാകുമാരി (വിമൻ ജസ്റ്റിസ് വൈസ് പ്രസിഡൻെറ്) നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group