ദുബായ്:
ഐപിഎല്ലിൽ കിരീടത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിയാമെന്ന വിരാട് കോഹ്ലിയുടെ മോഹം പൊലിഞ്ഞു.എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഷാര്‍ജയിലെ സ്ലോ വിക്കറ്റില്‍ അവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാലു വിക്കറ്റിന് കീഴടങ്ങി. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ആര്‍.സി.ബി. നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത രണ്ടു പന്ത് ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടി ലക്ഷ്യം കണ്ടു.
ബൗളിങ്ങില്‍ നാലോവറില്‍ വെറും 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങില്‍ 15 പന്തുകളില്‍ നിന്ന് മൂന്നു സിക്‌സറുകള്‍ സഹിതം 26 റണ്‍സ് നേടുകയും ചെയ്ത വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയുടെ വിജയശില്‍പി. നരെയ്‌നു പുറമേ 18 പന്തുകളില്‍ നിന്ന് 29 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, 30 പന്തുകളില്‍ നിന്ന് 26 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യര്‍, 25 പന്തുകളില്‍ നിന്ന് 23 റണ്‍സ് നേടിയ നിതീഷ് റാണ എന്നിവരും കൊല്‍ക്കത്ത ബാറ്റിങ്ങില്‍ മികച്ച പങ്കുവഹിച്ചു.
സമയം കഴിയുംതോറും ബാറ്റിങ്ങിന് അത്ര കണ്ട് അനുകൂലമല്ലാതായി മാറുന്ന ഷാര്‍ജയിലെ പിച്ചില്‍ നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പക്ഷേ കൊല്‍ക്കത്ത സ്പിന്നര്‍മാരുടെ മികച്ച പ്രകടനത്തിനു മുന്നില്‍ മികച്ച സ്‌കോറിലേക്ക് എത്താമെന്നുള്ള കോഹ്ലിയുടെ മോഹങ്ങള്‍ പൊലിഞ്ഞു. ഒന്നാം വിക്കറ്റില്‍ അഞ്ചോവറില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു ശേഷമായിരുന്നു ബാംഗ്ലൂരിന്റെ തകര്‍ച്ച. 33 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികള്‍ സഹിതം 33 റണ്‍സ് നേടിയ നായകന്‍ വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോററര്‍.
കോഹ്ലിക്കു പുറമേ 18 പന്തുകളില്‍ നിന്ന് 21 റണ്‍സ് നേടിയ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍, 15 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഒമ്ബതു പന്തില്‍ നിന്ന് 11 റണ്‍സ് നേടിയ എ.ബി. ഡിവില്ല്യേഴ്‌സ്, 14 പന്തുകളില്‍ നിന്ന് 13 റണ്‍സ് നേടിയ ഷഹബാസ് അഹമ്മദ് എന്നിവരാണ് രണ്ടക്കം കടന്ന ബാംഗ്ലൂര്‍ ബാറ്റര്‍മാര്‍.
നാലോവറില്‍ വെറും 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സുനില്‍ നരെയ്‌നാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. നാലോവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഓള്‍റൗണ്ടര്‍ ലോക്കി ഫെര്‍ഗൂസന്‍ നരെയ്‌ന് മികച്ച പിന്തുണ നല്‍കി.ഇരു ടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങിയത്.
إرسال تعليق