പഴയങ്ങാടി:
പഴയങ്ങാടി റെയിൽവേ അണ്ടർപാസ് നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എം എൽ എ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും നിവേദനം നൽകി.
പഴയങ്ങാടി മാട്ടൂൽ പൊതുമരാമത്ത് റോഡിൽ പഴയങ്ങാടി റയിൽവെ അണ്ടർപാസിൽ ഗതാഗത കുരുക്ക് ഏറിവരികയാണ്. പഴയങ്ങാടിയിൽ റയിവെ സ്റ്റേഷൻ, പുതിയങ്ങാടി മത്സ്യ ബന്ധന കേന്ദ്രം, ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിൽ വരുന്നവർ മാടായി, മാട്ടൂൽ നിവാസികൾക്കും ഈ പ്രദേശത്ത് എത്തിചേരുന്നവർ ഉൾപ്പടെ നിത്യേനയുള്ള വാഹനങ്ങളുടെ നീണ്ട നിരയും ഗതാഗതകുരുക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇത് പിലാത്തറ – പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലൂടെയുള്ള ഗതാഗതത്തെയും ബാധിക്കുന്നുണ്ട്.
നിലവിലുള്ള റെയിൽവേ അടിപ്പാതയുടെ വീതി കുറഞ്ഞതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. നിലവിലുള്ള അണ്ടർപാസിന് സമീപത്തായി പുതിയ റയിൽവെ ബ്രിഡ്ജ് നിർമ്മിച്ചാൽ ഈ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിക്കും.
പിലാത്തറ – പാപ്പിനിശ്ശേരി കെ.എസ്.ടി പി റോഡിൽ പഴയങ്ങാടിയിൽ നിലവിലുള്ള പാലത്തിന് സമീപത്തായി പുതിയ പാലം നിർമ്മിക്കുന്നതിന് 2017-18 വർഷത്തെ ബജറ്റിൽ 35 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചിരുന്നു. ഇതിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 16 കോടി രൂപയുടെ ധനകാര്യ അനുമതിയാണ് കിഫ്ബിയിൽ നിന്ന് ലഭിച്ചത്. ജനങ്ങളുടെ ഏറെ നാളുകളായുള്ള ആവശ്യം പരിഗണിച്ച് ബാക്കി വരുന്ന തുക ഉപയോഗിച്ച് അണ്ടർ പാസ് നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് കിഫ്ബിയിൽ നിന്നും അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന്
എം വിജിൻ എംഎൽഎ ആവശ്യപ്പെട്ടു.
إرسال تعليق