പത്തനംതിട്ട:
18 വയസ് തികഞ്ഞെന്ന കാരണത്താല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. അടൂർ ഏനാത്ത് സ്വദേശിയും അടൂർ ഗവ. ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ അഖിലിനാണ് വീട്ടുകാരില്‍നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നത്. അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിന് പിന്നാലെ, അഖിൽ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
എന്നാൽ, പൊലീസ് കേസെടുത്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടിലെന്ന് അഖിൽ വ്യക്തമാക്കി. പതിനെട്ട് വയസ് തികയുന്നതിന് മുമ്പ് വീട്ടിലുണ്ടായിരുന്ന സമയത്ത് അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും കൃത്യമായി ആഹാരം നൽകാറില്ലായിരുന്നുവെന്നും അഖില്‍ പറയുന്നു. ചെറുപ്പത്തില്‍ തന്നെ അമ്മ ഉപേക്ഷിച്ച് പോയിരുന്നു. പിന്നാലെ, അച്ഛന്റെയും അമ്മയുടെയും സ്ഥലം വിറ്റുകിട്ടിയ പണം അഖിലിന്റെ പേരില്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇട്ടിരുന്നു. ഇപ്പോള്‍, അച്ഛനും രണ്ടാനമ്മയും ആ പണവും നല്‍കുന്നില്ലെന്നാണ് അഖിലിന്റെ പരാതി.
പ്ലസ് ടു പരീക്ഷ കഴിയാത്ത അഖിൽ ഇപ്പോൾ ഒരു മൊബൈൽ ഫോൺ സർവീസ് സെന്ററിൽ ജോലി ചെയ്യുകയാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്കൊപ്പമാണ് നിലവില്‍ അഖില്‍ താമസിക്കുന്നത്. പഠനത്തിൽ മിടുക്കനായിരുന്ന അഖിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് പത്താം ക്ലാസ് പാസായത്. അദ്ധ്യാപകരുടെ സഹായത്തോടെയാണ് അഖിലിന്റെ പഠന ചെലവുകൾ നടന്നിരുന്നത്. പ്ലസ് ടുവിന് ശേഷം എങ്ങനെ തുടര്‍ വിദ്യാഭ്യാസം നടത്തുമെന്ന ആശങ്കയിലാണെന്നും നിലവിലെ തുച്ഛമായ വരുമാനം കൊണ്ട് ഒന്നും നടക്കില്ലെന്നും അഖില്‍ പറയുന്നു.
إرسال تعليق