Join Our Whats App Group

സ്വന്തമായി ടൂ വീലര്‍ വര്‍ക് ഷോപ് നടത്തുന്ന 21 കാരി; മഹാപ്രളയത്തില്‍ മുങ്ങിയ മുന്നൂറോളം ഇരുചക്ര വാഹനങ്ങള്‍ ഒരുമാസം കൊണ്ട് നന്നാക്കി ഉടമകള്‍ക്ക് തിരിച്ച്‌ നല്‍കി; കരിവളയിടേണ്ട കൈകളില്‍ കരിമയം തിരഞ്ഞെടുത്ത ശ്രീധിയുടെ കഥ

 


ഈ 21 കാരി ശ്രീധിയുടെ കൈയില്‍ കരിവളയല്ല മറിച്ച്‌ കരിമയമാണ്. സ്ത്രീകള്‍ അധികം കടന്നു വരാത്ത ഒരിടമാണ് മെക്കാനിക്കല്‍ മേഖല.


സ്വന്തമായി ടു വീലര്‍ വര്‍ക്ക് ഷോപ് നടത്തുന്ന തിരക്കേറിയ മെക്കാനിക് ആണ് ഈ കൊച്ചു മിടുക്കി. ഇടയാറന്മുള കോട്ടയ്ക്കകം കൊല്ലംപടിക്കല്‍ പി.ശ്രീധിയ്ക്ക് പ്രിയം വാഹനങ്ങളോടാണ്. എന്‍ജിന്‍, ഗീയര്‍ ബോക്സ്, ബ്രേക്ക്, സ്പ്രേ പെയിന്റിങ് തുടങ്ങി വാഹനങ്ങളുടെ എല്ലാ അറ്റകുറ്റപ്പണികളും കൃത്യതയോടെ എളുപ്പം ചെയ്യും. സ്വന്തമായി വര്‍ക്‌ഷോപ് നടത്തുന്ന വിദ്യാര്‍ഥിനി എന്ന നേട്ടവും ശ്രീധിക്കു സ്വന്തം.


ഇടയാറന്മുള കൊല്ലംപടിക്കല്‍ കെ.എസ്.പ്രസാദ് - ശ്രീലത ദമ്ബതികളുടെ 2 മക്കളില്‍ ആദ്യയാളാണു ശ്രീധി. ഇടയാറന്മുള എഎംഎം ഹയര്‍ സെക്കന്‍‍ഡറി സ്കൂളില്‍നിന്ന് പ്ലസ്ടു 85 ശതമാനം മാര്‍ക്കോടെ വിജയിച്ചപ്പോള്‍ മകളെ ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ മോഹം. എന്നാല്‍ അവളുടെ ആഗ്രഹം നല്ലൊരു മോട്ടര്‍ മെക്കാനിക് ആകണമെന്നും.വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി നീറ്റ് പരീക്ഷ എഴുതി. ആയുര്‍വേദം, വെറ്ററിനറി മെഡിസിന്‍ എന്നിവയില്‍ പ്രവേശനത്തിനു സിലക്‌ഷന്‍ ലഭിച്ചു.


പക്ഷേ അതിനു പോകാതെ ശ്രീധി നേരെ വിട്ടത് വെണ്ണിക്കുളം ഗവ. പോളിടെക്നിക് കോളജിലേക്ക്. സാധാരണ ആണ്‍കുട്ടികള്‍ മാത്രം പഠിക്കാറുള്ള ഓട്ടമൊബീല്‍ എന്‍ജിനീയറിങ് കോഴ്സില്‍ ആദ്യമായി പെണ്‍കുട്ടിയെത്തിയപ്പോള്‍ അധ്യാപകര്‍ക്കും അതിശയം. പഠനത്തിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ആദ്യം നിരുത്സാഹപ്പെടുത്തിയെങ്കിലും വേറെ കോഴ്സ് വേണ്ടെന്ന ഉറച്ച തീരുമാനമായിരുന്നു ശ്രീധിക്ക്. ഇപ്പോള്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി. അവിടെ ഓട്ടമൊബീല്‍ പഠിക്കുന്ന ഏക പെണ്‍കുട്ടിയും.


പിതാവ് പ്രസാദ് 40 വര്‍ഷമായി വാഹനങ്ങളുടെ അറിയപ്പെടുന്ന മേസ്തിരിയാണ്. വീട് തന്നെ വലിയ വര്‍ക്‌ഷോപ്പാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോള്‍ തന്നെ അച്ഛനൊപ്പം വര്‍ക്ക്ഷോപ്പിലേക്ക് ഇറങ്ങി. ആദ്യം ടൂള്‍സിനെപ്പറ്റി പഠിപ്പിച്ചു. പിന്നെ ഇരുചക്രവാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സും ഉപയോഗവും. അതു കഴിഞ്ഞപ്പോള്‍ 5000 രൂപ മുടക്കി സ്കൂട്ടര്‍ വാങ്ങിക്കൊടുത്തു. പിന്നെ അത് മുഴുവന്‍ അഴിക്കാന്‍ പഠിപ്പിച്ചു. ഓരോന്നിന്റെയും സ്ഥാനം ബുക്കില്‍ കുറിച്ചിട്ടു.


പടവും വരച്ചു. കേടുപാടുകള്‍ കണ്ടുപിടിക്കാനും തിരിച്ച്‌ പഴയ രീതിയില്‍ സ്ഥാപിക്കാനും ശ്രീധിയെ പഠിപ്പിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ സ്കൂട്ടര്‍ അഴിച്ചു നന്നാക്കാന്‍ തുടങ്ങി. പഠിക്കാന്‍ വേണ്ടി അച്ഛന്‍ അഞ്ച് പഴയ സ്കൂട്ടറുകള്‍ വാങ്ങി നല്‍കി. പിന്നീട് ബൈക്ക്, ബുള്ളറ്റ് എന്നിവയുടെ പണിയും പഠിച്ചു. പത്താം ക്ലാസിലായപ്പോഴേക്കും കാര്‍, ജീപ്പ്, ടിപ്പര്‍ തുടങ്ങിയവ അച്ഛനോടൊപ്പം നന്നാക്കി, അതിന്റെ പണിയും പഠിച്ചു.വീടിന്റെ എതിര്‍വശത്താണ് ശ്രീധിയുടെ വര്‍ക്‌ഷോപ്. ഇരുചക്ര വര്‍ക്‌ഷോപ്പാണ് നടത്തുന്നതെങ്കിലും ടിപ്പര്‍, ലോറി, കാര്‍ ജീപ്പ് തുടങ്ങി എല്ലാ വാഹനങ്ങളുടെയും പണി ചെയ്യും.


കോളജില്‍ പോകുന്ന ദിവസം രാവിലെ 6ന് വര്‍ക്‌ഷോപ് തുറക്കും. സ്ത്രീകളാണു വണ്ടിയുമായി എത്തിയത് എങ്കില്‍ അത് നന്നാക്കി കൊടുത്ത ശേഷമേ കോളജില്‍ പോകൂ. വൈകിട്ട് തിരിച്ച്‌ എത്തിയ ശേഷം പിന്നെയും വര്‍ക്‌ഷോപ് തിരക്കിലേക്ക്. കോളജില്‍ പോയാല്‍ പോലും ഫോണ്‍വിളി എത്തും. ഭൂരിപക്ഷവും സ്ത്രീകളാണ് വിളിക്കുന്നത്. കോളജില്‍ പോകാത്ത ദിവസം ഫോണ്‍ വന്നാല്‍ വേഗം അവിടെ എത്തി നന്നാക്കി കൊടുക്കും.2018ലെ മഹാപ്രളയത്തില്‍ മുങ്ങിയ മുന്നൂറോളം ഇരുചക്ര വാഹനങ്ങള്‍ ഒരുമാസം കൊണ്ട് നന്നാക്കി ഉടമകള്‍ക്ക് തിരിച്ച്‌ നല്‍കിയതോടെ ശ്രീധിയുടെ പ്രശസ്തി ഉയര്‍ന്നു. ഒപ്പം പഠിക്കുന്ന കുട്ടികള്‍ പരിശീലനത്തിനും ശ്രീധിയുടെ വര്‍ക്‌ഷോപ്പില്‍ എത്തുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group